ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുളച്ചൽ വിജയ ദിനത്തിൻ്റ 285-മത് വാർഷികം ആഘോഷിച്ചു. കന്യാകുമാരി ജില്ലയിലെ കുളച്ചൽ യുദ്ധ സ്മാരകത്തിലാണ് പരിപാടി നടന്നത്. മുഖ്യാതിഥിയും മറ്റ് വിശിഷ്ടാതിഥികളും പുഷ്പചക്രം സമർപ്പണത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മുഖ്യാതിഥിയായപാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ അവിനാശ് കുമാർ സിംഗ് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
സൈനിക, സിവിൽ വിശിഷ്ടാതിഥികൾ, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ച സൈനികരും പ്രാദേശിക സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സൈന്യം, പോലീസ്, എൻസിസി, ജില്ലാ ഭരണകൂടം, വിരമിച്ച കരസേന ഉദ്യോഗസ്ഥർ എന്നിവരെ പ്രതിനിധീകരിച്ച് പുഷ്പചക്രം സമർപ്പിച്ചു. റിട്ട.മേജർ ജനറൽ വി.ഡി.ഐ. ദേവവാരം, കുളച്ചൽ എം.എൽ.എ താരഹ കുത്ബെർട്ട്, ഡിഫൻസ് പി.ആർ.ഒ, എൻ.സി.സി. കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1741 ജൂലൈ 31-ന് കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സേന ഡച്ചുകാര്‍ക്കെതിരെ നേടിയ വിജയത്തിന്‍റെ സ്മരണയ്‌ക്കായി എല്ലാ വര്‍ഷവും കുളച്ചല്‍ ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സേന സുസജ്ജമായ യൂറോപ്യന്‍ സേനയെ പരാജയപ്പെടുത്തി. ഡച്ച് സേനയ്‌ക്കെതിരായ തിരുവിതാംകൂര്‍ സൈന്യത്തിന്‍റെ മഹത്തായ വിജയത്തിന്‍റെ സ്മരണയ്‌ക്കായി നിര്‍മ്മിച്ച സ്തംഭമാണ് കുളച്ചല്‍ യുദ്ധ സ്മാരകം.
തിരുവനന്തപുരത്ത് നിന്നും 68 കിലോമീറ്റര്‍ തെക്കോട്ട് മാറി കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ടൗണ്‍ഷിപ്പ് ആണ് കുളച്ചല്‍. 1741 ജൂലൈ 31-ന്, വളരെ സവിശേഷമായ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്‍റെ സൈന്യം കടലിലും കരയിലും ഡച്ചുകാരെ പരാജയപ്പെടുത്തി. ഈ യുദ്ധം, ഒരു പ്രമുഖ യൂറോപ്യന്‍ സമുദ്രശക്തിയെ കടലിലും കരയിലും പരാജയപ്പെടുത്തിയ ഏക ഏഷ്യന്‍ സൈനിക ശക്തി എന്ന അതുല്യമായ ബഹുമതി തിരുവിതാംകൂര്‍ രാജവംശത്തിന് നേടിക്കൊടുത്തു. കടല്‍-കര യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികരുടെയും നാവികരുടെയും ഈ അതുല്യമായ വിജയത്തിന്റെ സ്മരണയ്‌ക്കായി കുളച്ചല്‍ കടല്‍ത്തീരത്ത് ഒരു ഗംഭീരമായ വിജയസ്തംഭം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ച് നല്‍കി.















