ന്യൂഡൽഹി: ഭാരതീയ റെയിൽവേയുടെ നേട്ടങ്ങളെ പ്രശംസിച്ചതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയ സിജെപി നേതാക്കൾക്ക് മറുപടിയുമായി സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്. സർക്കാരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ ഭാരതത്തെ അപമാനിക്കുന്നത് ശരിയായ സമീപനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് യാത്രയെയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലത്തെയും പ്രശംസിച്ചുകൊണ്ടാണ് വാങ്ചുക് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. “ഭാരതീയ റെയിൽവേയെ ഓർത്ത് അഭിമാനിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഈ പോസ്റ്റിന് പിന്നാലെ സോനം വാങ്ചുകിനെ “സർക്കാരിന്റെ ദല്ലാൾ” എന്ന് സിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വാങ്ചുക് പുതിയ വീഡിയോ സന്ദേശം പുറത്തിറക്കിയത്.
“സർക്കാരുമായി പ്രശ്നമുണ്ടെങ്കിൽ സർക്കാരിനോട് പോരാടൂ. എന്നാൽ ഭാരതത്തെ അപമാനിക്കരുത്. രാജ്യം ആരുടേയും സ്വകാര്യസ്വത്തല്ല. രാജ്യത്ത് ആരെങ്കിലും നല്ല കാര്യം ചെയ്താൽ അതിനെ അഭിനന്ദിക്കണം. അതുപോലെ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയും വേണം,” എന്നാണ് വാങ്ചുക് പറഞ്ഞത്.
ഭാരതം ഒന്നാണെന്നും രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ രാജ്യത്തിന്റെ അഭിമാനത്തെയോ ദേശീയ സ്ഥാപനങ്ങളെയോ അവഹേളിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെയും രാജ്യത്തെയും തമ്മിൽ കൂട്ടിക്കലർത്തരുതെന്നും ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.