പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം രൂപപ്പെട്ടു. പ്രളയസമാന അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലാകെ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. ആറന്മുള ക്ഷേത്രപരിസരത്തും വെള്ളം കയറി, മുട്ടിനുമുകളിൽ വരെ വെള്ളം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി പി. സി. വിഷ്ണുനാഥ് ആറന്മുളയിലെത്തി. ആറന്മുള എം.എൽ.എ അബിൻ വർക്കിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്.
വെള്ളം ഉയരുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഘട്ടംഘട്ടമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ ആറന്മുളയിലേക്ക് എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റാന്നി മേഖലയിൽ വെള്ളം കുറയുമ്പോൾ ആറന്മുളയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളതെന്നും, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി. ഡി. സതീശൻ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് നിർദേശം നൽകി. പത്തനംതിട്ടയിൽ പി. സി. വിഷ്ണുനാഥിന് പുറമേ തിരുവനന്തപുരം ജില്ലയിൽ സി. പി. ജോൺ, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. സംസ്ഥാനതല ദുരിതാശ്വാസ ഏകോപനത്തിന് റവന്യൂ മന്ത്രിക്കാണ് ചുമതല നൽകിയിരിക്കുന്നത്.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകാൻ നിർദേശം നൽകുകയും ചെയ്തു. തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാർഡിന്റെ വെസലും മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചിൽ തുടരുകയാണ്.















