പത്തനംതിട്ട: ആറൻമുളയിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാകാതിരുന്നത് സംസ്ഥാനത്തിന് ഗുണകരമായ തീരുമാനമായിരുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. നിലവിലെ മഴക്കെടുതിയും പ്രളയസാഹചര്യവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പമ്പാനദിയിലെ പ്രളയജലത്തെ പിടിച്ചുനിർത്താൻ ആറൻമുളയിലെ തണ്ണീർത്തടങ്ങൾക്കും പാടശേഖരങ്ങൾക്കും കഴിഞ്ഞുവെന്ന് കുമ്മനം പറഞ്ഞു. വിമാനത്താവള പദ്ധതി യാഥാർഥ്യമായിരുന്നുവെങ്കിൽ ഈ പ്രകൃതിദത്ത ജലസംഭരണ മേഖലകൾ ഇല്ലാതാകുകയും പത്തനംതിട്ടയ്‌ക്ക് പുറമെ മറ്റ് പ്രദേശങ്ങളിലേക്കും ദുരന്തസാഹചര്യം വ്യാപിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസന നയങ്ങളാണ് ഇന്ന് പ്രകൃതിക്ഷോഭങ്ങൾ രൂക്ഷമാകാൻ പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം വിമർശിച്ചു. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്കും മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളുടെ ഉത്തരവാദിത്തത്തെയും കുമ്മനം ചോദ്യം ചെയ്തു. എംപിമാർക്കും എംഎൽഎമാർക്കും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് വേണ്ടതെന്നും, ജനങ്ങളുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആറൻമുളയിലെ പാടശേഖരങ്ങൾ തന്നെയാണ് വിമാനത്താവള പദ്ധതിക്കായി വേണമെന്ന വാശി എന്തിനായിരുന്നു?” എന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.