കെഎസ്ആർടിസി പ്രിയദർശിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഇന്ന് രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടം നടന്ന സമയത്ത് 72 പേർ ബസിലുണ്ടായിരുന്നു. താഴേക്ക് വീണ ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share