ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പാറ്റാ പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. പ്രതിഷേധവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്രചാരണങ്ങൾ, സോഷ്യൽ മീഡിയ നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സൈബർ സെൽ പരിശോധന നടത്തുന്നത്.
ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനമായ ബാർ കോഡ് എന്റർടെയ്ൻമെന്റിൽ പൊലീസ് റെയ്ഡ് നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ റെയ്ഡ് സംബന്ധിച്ച് സ്ഥാപനമോ ഡൽഹി പൊലീസോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സോനം വാങ്ചുക്കിന്റെ നിരാഹാര സമര സമയത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച “Sonam Sir will die in 2 days” എന്ന സന്ദേശത്തിന് പിന്നിൽ ആരാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ പ്രചാരണം ആസൂത്രിതമായ ഡിജിറ്റൽ ക്യാമ്പയിന്റെ ഭാഗമായിരുന്നോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചില പിആർ സംവിധാനങ്ങളും ഡിജിറ്റൽ പ്രചാരണ ശൃംഖലകളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഉറവിടം, പ്രചാരണ രീതികൾ, ഇതിന് പിന്നിലെ സാമ്പത്തിക സഹായങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി സൈബർ സെൽ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകാൻ പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചില പിആർ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നതായാണ് സൂചന. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡൽഹി പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.















