റാഞ്ചി: പാക് ഭീകരസംഘടനയായ ജയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടന്ന് കണ്ടെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിനിയായ അർപിത സർക്കാർ(22) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് (STF) അർപിതയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ജയ്‌ഷെ ഭീകരൻ മുഹമ്മദ് ഹമിം മൊണ്ടലിനെ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അർപിതയും പിടിയിലായത്. നാല് വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് അത് പ്രണയബന്ധമായി മാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മുഹമ്മദ് ഹമിം മൊണ്ടലിന് ജയ്‌ഷെ-ഇ-മുഹമ്മദ് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. അർപിതയും ഈ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇംഗ്ലീഷ് ബിരുദധാരിയായ അർപിത യാത്രാവിവരണങ്ങൾ, ബൈക്ക് റൈഡുകൾ, ലൈഫ്‌സ്റ്റൈൽ വീഡിയോകൾ എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സാഹിബ്‌ഗഞ്ചിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള അർപിതയുടെ പിതാവ് പലചരക്ക് കട നടത്തുകയാണ്. മാതാവ് അഞ്ച് വർഷം മുൻപ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അർപിതയുടെ ബാങ്ക് ഇടപാടുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സോഷ്യൽ മീഡിയ ചാറ്റുകൾ, യാത്രാവിവരങ്ങൾ എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ജാർഖണ്ഡിനും കൊൽക്കത്തയ്‌ക്കുമിടയിൽ നടത്തിയ യാത്രകളുടെ ഉദ്ദേശ്യവും ഈ യാത്രകളിൽ കണ്ടുമുട്ടിയ വ്യക്തികളെയും കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണത്തിനിടെ ലഭിച്ച ഡിജിറ്റൽ വിവരങ്ങളിൽ ഡൽഹിയിലെ ജന്തർ മന്തറിന് സമീപം കലാപമുണ്ടാക്കാനുള്ള നീക്കങ്ങൾ, പൊലീസ് യൂണിഫോം സംഘടിപ്പിക്കാനുള്ള ശ്രമം, എന്നിവ കണ്ടെത്തിയതായിട്ടുണ്ട്. കൂടാതെ
കൂടാതെ പശ്ചിമ ബംഗാളിലെ ഒരു മന്ത്രിയുടെ മകനെ ഹണി ട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടാനും ഇവർ ഗൂഢാലോചന നടത്തിയിരുന്നു. പാക് ഹാൻഡിലർമാരുടെ നിർദേശ പ്രകാരമാണ് ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. കേസിൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിടയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.