കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ദിവസം ഇതേ കേസിലെ ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കർശന ഉപാധികളോടെയാണ് നാലുപേർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികൾ ചെയ്ത കുറ്റം ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ വധശ്രമക്കുറ്റം നിലനിൽക്കാൻ ആവശ്യമായ തെളിവുകൾ നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി.
ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഇതേ കേസിൽ 67 ദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഒമ്പത് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരായ ടി.എസ്. കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർഥ്, റഫീഖ്, നന്ദു ജി, രാഹുൽ രാജ് എന്നിവർക്കാണ് അന്ന് ജാമ്യം അനുവദിച്ചത്.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെങ്കിലും, അവർ 67 ദിവസമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഇനി പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.















