റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. മറ്റൊരു ലൈംഗികാതിക്രമക്കേസിൽ 2023-ൽ അറസ്റ്റിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീടിന് പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിവും ഫലമുണ്ടായില്ല. ഒടുവിൽ ചൊവ്വാഴ്ച രാവിലെ പെൺകുട്ടി വീട്ടിലെത്തി സംഭവം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സമീപഗ്രാമത്തിലുള്ള പ്രതിയുടെ വീട്ടിലെത്തി ഇയാളെ പുറത്തേക്ക് വലിച്ചിറക്കി വടികളും കല്ലുകളും ഉപയോഗിച്ച് മർദിച്ച് കൊല്ലുകയായിരുന്നു.
വിവരം ലഭിച്ചെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി തൻഡവ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രഭാത് രഞ്ജൻ ബർവാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസ് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, സംഭവവികാസങ്ങൾ വിലയിരുത്താൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘം ഛത്ര സന്ദർശിക്കുമെന്ന് കമ്മീഷൻ ചെയർമാൻ ഹെദായത്തുള്ള ഖാൻ അറിയിച്ചു.















