തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും പുറത്തിറക്കുന്നു. ആഗസ്റ്റ് 10-ന് തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ചിത്രമുദ്രയുടെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും.
ഇതോടെ തപാൽ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രം എന്ന നേട്ടമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ലഭിക്കുന്നത്. ഇതിനുമുമ്പ് ശബരിമല, ഗുരുവായൂർ, കാസർകോട്ടെ മധൂർ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്‌ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്ര കൂടിയാണിത്.
ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച മാതൃകയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സാംസ്കാരിക പൈതൃകവും വാസ്തുശില്പ മഹിമയും ലോകമെമ്പാടുമുള്ള തപാൽ പ്രേമികൾക്ക് പരിചയപ്പെടുത്താൻ പുതിയ ചിത്രമുദ്ര സഹായകമാകുമെന്നാണ് തപാൽ വകുപ്പ് വിലയിരുത്തുന്നത്.
സ്മാരക സ്റ്റാമ്പുകളിൽ നിന്ന് വ്യത്യസ്തമായി, സ്ഥിരം ചിത്രമുദ്ര കാലപരിധിയില്ലാതെ നിർദ്ദിഷ്ട തപാൽ ഓഫീസിൽ ഉപയോഗിക്കാനാകും. ആഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയക്കുന്ന എല്ലാ കത്തുകളിലും പാഴ്സലുകളിലും ഈ ചിത്രമുദ്ര പതിക്കും.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീ പത്മനാഭസ്വാമിയുടെ രൂപവും ചിത്രമുദ്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ക്ഷേത്ര ഗോപുരത്തിന് മുന്നിൽ ഭഗവാന്റെ ചിത്രം സ്വർണ ഫോയിലിൽ പതിപ്പിച്ച പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കും. 100 മുതൽ 200 രൂപ വരെയാണ് കവറിന്റെ വില പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 2,000 പ്രത്യേക കവറുകൾ വിൽപ്പനയ്‌ക്കെത്തിക്കും. ക്ഷേത്രം അധികൃതരുടെ അഭ്യർഥന പരിഗണിച്ചാണ് തപാൽ വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.















