ജനം ഇംപാക്ട്: സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ലൈബീരിയയിൽ കുടുങ്ങിയ മലയാളി ശനിയാഴ്ച നാട്ടിലെത്തും

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: തൊഴിൽ തട്ടിപ്പിനെ തുടർന്ന് പശ്ചിമ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ മാസങ്ങളായി ദുരിതജീവിതം നയിച്ചിരുന്ന കോട്ടയം സ്വദേശി ജയകുമാർ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

ഇക്കഴിഞ്ഞ ജനുവരി മുതൽ ലൈബീരിയയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ജയകുമാർ. ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ ശേഷം വിസയും പാസ്പോർട്ടും പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതത്തിലായി. ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ കഴിയേണ്ടി വന്ന ജയകുമാർ രോഗബാധിതനാകുകയും ചെയ്തിരുന്നു.

സംഭവം ജനം ടിവി വാർത്തയാക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. ലൈബീരിയയിൽ ജയകുമാറിന് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ഒരുക്കിയ മന്ത്രി, അദ്ദേഹത്തെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാനും തീരുമാനിച്ചു.

എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതോടെ ശനിയാഴ്ച ജയകുമാർ കേരളത്തിലെത്തും. കേന്ദ്രമന്ത്രിയുടെ സമയോചിതമായ ഇടപെടൽ കുടുംബത്തിന് വലിയ ആശ്വാസമായതായി ബന്ധുക്കൾ പ്രതികരിച്ചു. ദുരിതസമയത്ത് ഒപ്പമുണ്ടായ സുരേഷ് ഗോപിയോട് കുടുംബം നന്ദിയും അറിയിച്ചു.

Share