കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് രംഗത്ത്. കീഴടങ്ങില്ലെന്നും, “പറ്റുമെങ്കിൽ കണ്ടുപിടിക്കൂ” എന്ന വെല്ലുവിളിയുമായാണ് അർജുൻ പുതിയ സന്ദേശം പുറത്തുവിട്ടത്.
ആദ്യം കീഴടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും, എന്നാൽ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും അർജുൻ ആരോപിച്ചു. ഹൈക്കോടതിയിൽ ഹാജരാകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ഇനി മുൻകൂർ ജാമ്യമോ നിയമപരമായ സംരക്ഷണമോ ലഭിച്ചതിന് ശേഷമേ പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.
“കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും. ഒരുപാട് പൊലീസുകാരെ ഞാൻ കണ്ടിട്ടുണ്ട്” എന്ന പരാമർശവും അർജുൻ നടത്തിയിട്ടുണ്ട്. ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയ്‌ക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഘടിത കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന കേസിൽ അറസ്റ്റിലായി 21 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അർജുൻ, കോതമംഗലം എസ്‌എച്ച്‌ഒയെ ലക്ഷ്യമിട്ട് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം പങ്കുവെച്ചിരുന്നു. “പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ല” എന്നായിരുന്നു പോസ്റ്റിലെ ഭീഷണി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസ് ഗുരുതരമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. അർജുൻ പുറത്തുണ്ടെങ്കിൽ കേസിന്റെ അന്വേഷണത്തെ ബാധിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.
ഇതിനുപിന്നാലെ അർജുനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘമെന്ന് പൊലീസ് അറിയിച്ചു.