പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ പോക്സോ കേസ്, രണ്ട് പേർ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ വർഷങ്ങളായി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയെയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പെൺകുട്ടിയുടെ അച്ഛനടക്കം ഏഴ് പേർക്കെതിരെ വിവിധ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. നിലവിൽ വിദേശത്തുള്ള അച്ഛനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

മലയാലപ്പുഴ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കേസുകളിൽ ഒന്ന് പെരുനാട് പോലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പെൺകുട്ടി ആദ്യം സഹപാഠികളോടാണ് വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുകയും അവിടെ നിന്ന് പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

 

Share