കൊച്ചി: ദേശീയ ഫുട്‌ബോളിലെ ഏറ്റവും പാരമ്പര്യമുള്ള ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് വീണ്ടും വേദിയാകാന്‍ കേരളം ഒരുങ്ങുന്നു. അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തില്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) അറിയിച്ചു. ബിഡ് ക്ഷണിക്കുന്നതോടെ ഔദ്യോഗിക അപേക്ഷ സമര്‍പ്പിക്കാനാണ് കെഎഫ്എയുടെ തീരുമാനം.
നിലവിലെ റണ്ണറപ്പുകളായതിനാല്‍ പഴയ നിയമം തുടര്‍ന്നാല്‍ കേരളത്തിന് നേരിട്ട് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. അങ്ങനെയെങ്കില്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാണ് കെഎഫ്എയുടെ ലക്ഷ്യം. അതേസമയം, ഇത്തവണ യോഗ്യതാ റൗണ്ട് മുതല്‍ എല്ലാ ടീമുകളും കളിക്കണമെന്ന രീതിയില്‍ നിയമത്തില്‍ മാറ്റമുണ്ടായാല്‍, കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടും തുടര്‍ന്ന് ഫൈനല്‍ റൗണ്ടും സംസ്ഥാനത്ത് തന്നെ നടത്താനുള്ള സാധ്യതയും കെഎഫ്എ പരിഗണിക്കുന്നുണ്ട്.
ഫൈനല്‍ റൗണ്ടിന് വേദിയാകാന്‍ കൊച്ചി ഉള്‍പ്പെടെ അഞ്ച് നഗരങ്ങളെയാണ് കെഎഫ്എ പരിഗണിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷനുകളും ടൂര്‍ണമെന്റ് നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. 40,000-ത്തിലധികം സീറ്റുകളുള്ള ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും മികച്ച വാണിജ്യ സാധ്യതകളും കൊച്ചിയെ മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്. സ്റ്റേഡിയം വാടക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചാല്‍ കൊച്ചിയെ തന്നെ വേദിയാക്കാനാണ് കെഎഫ്എയുടെ പ്രധാന നീക്കം.
കൊച്ചിക്ക് പിന്നാലെ ഏകദേശം 35,000 സീറ്റുകളുള്ള കോഴിക്കോട് സ്റ്റേഡിയവും ശക്തമായ പരിഗണനയിലാണ്. 20,000-ത്തോളം സീറ്റുകളുള്ള കണ്ണൂരും 14,000-ത്തോളം സീറ്റുകളുള്ള മലപ്പുറവും മത്സരത്തിനായി തയ്യാറാണ്. എന്നാല്‍, 10,000-ല്‍ താഴെ മാത്രം സീറ്റുകളുള്ള തൃശ്ശൂരിന്റെ സ്റ്റേഡിയം ശേഷി വെല്ലുവിളിയാകുന്നുണ്ട്. ‘സന്തോഷ് ട്രോഫിക്ക് വേദിയാകാനുള്ള താല്‍പര്യം ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ബിഡ് ക്ഷണിക്കുന്നതോടെ ഔദ്യോഗികമായി അപേക്ഷ നല്‍കും. ടൂര്‍ണമെന്റ് ലഭിച്ചാല്‍ വേദിയുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും,’ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ വ്യക്തമാക്കി.
കേരളത്തിന് ആതിഥേയത്വം ലഭിക്കുകയാണെങ്കില്‍, സംസ്ഥാന ഫുട്‌ബോളിന് വലിയ ഉണര്‍വും ആരാധകര്‍ക്ക് ദേശീയ ഫുട്‌ബോളിന്റെ ആവേശം സ്വന്തം മണ്ണില്‍ ആസ്വദിക്കാനുള്ള അവസരവും ഒരുങ്ങും.















