മാഡ്രിഡ്: മാസങ്ങളായി നീണ്ട കരാര്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വിരാമമായി. ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. 2032 ജൂണ്‍ 30 വരെ പ്രാബല്യമുള്ള പുതിയ ദീര്‍ഘകാല കരാറില്‍ ഇരുപക്ഷവും ധാരണയിലെത്തി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ആഴ്സണല്‍ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ക്കും ഔദ്യോഗികമായി അവസാനമായി.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന കരാര്‍ അനിശ്ചിതത്വത്തിന് ഒടുവിലാണ് റയല്‍ വിനീഷ്യസുമായി പുതിയ കരാര്‍ പ്രഖ്യാപിച്ചത്. പുതിയ കരാര്‍ ക്ലബിന്റെ ദീര്‍ഘകാല പദ്ധതികളില്‍ വിനീഷ്യസിനുള്ള നിര്‍ണായക സ്ഥാനവും ഭാവി ടീമിന്റെ കേന്ദ്രബിന്ദുവായി അദ്ദേഹത്തെ കാണുന്ന സമീപനവും വ്യക്തമാക്കുന്നതാണ്.
18-ാം വയസില്‍ ബ്രസീലിയന്‍ ക്ലബായ ഫ്‌ലമെംഗോയില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ വിനീഷ്യസ് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ വിങ്ങര്‍മാരില്‍ ഒരാളായി വളര്‍ന്നു. റയലിനായി 375 മത്സരങ്ങളില്‍ നിന്ന് 128 ഗോളുകളും നിരവധി അസിസ്റ്റുകളും സ്വന്തമാക്കിയ താരം ക്ലബിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു.
റയല്‍ മാഡ്രിഡിനൊപ്പം രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് ലാ ലിഗ, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, ഒരു കോപ്പ ഡെല്‍ റേ, മൂന്ന് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ വിനീഷ്യസ് സ്വന്തമാക്കി. 2022-ലെ പാരീസ് ഫൈനലിലും 2024-ലെ ലണ്ടന്‍ ഫൈനലിലും വിജയഗോള്‍ നേടി റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന നിമിഷങ്ങള്‍.
വ്യക്തിഗത നേട്ടങ്ങളിലും വിനീഷ്യസ് ശ്രദ്ധേയനാണ്. 2024-ലെ ഫിഫ ദി ബെസ്റ്റ് പുരുഷതാരം പുരസ്‌കാരം, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ ഗോള്‍ഡന്‍ ബോള്‍, 2023-24 ചാമ്പ്യന്‍സ് ലീഗിലെ മികച്ച താരം, 2022 ക്ലബ് ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍, 2021-22 ചാമ്പ്യന്‍സ് ലീഗിലെ മികച്ച യുവതാരം എന്നീ അംഗീകാരങ്ങള്‍ റയല്‍ ജേഴ്‌സിയിലെ പ്രകടനത്തിലൂടെയാണ് താരം സ്വന്തമാക്കിയത്.
പുതിയ കരാറോടെ വിനീഷ്യസിനെ കേന്ദ്രമാക്കി ഭാവി ടീം കെട്ടിപ്പടുക്കാനാണ് റയല്‍ മാഡ്രിഡിന്റെ പദ്ധതി. പുതിയ സീസണില്‍ കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വിനീഷ്യസ് ടീമിന്റെ ആക്രമണനിരയ്‌ക്ക് നേതൃത്വം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.















