ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ സംസാരിച്ചു. ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംഭാഷണം. വാന്‍സിനും ഭാര്യ ഉഷ വാന്‍സിനും മകന്‍ പിറന്നതില്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിക്കുകയും കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്കിടെയാണ് വാന്‍സ് പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന്‍ എന്നിവര്‍ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവച്ചതും പുതിയ പ്രാദേശിക രാഷ്‌ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുക്കിയതുമെല്ലാം പശ്ചാത്തലത്തിലുണ്ട്.
മോദിയും വാന്‍സും തമ്മിലുള്ള മുന്‍പ് പരസ്യമായി അറിയപ്പെട്ട ഫോണ്‍ സംഭാഷണം 2025 മേയില്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തിലായിരുന്നു. പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി അന്ന് വാന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രി പിന്നീട് ലോക്സഭയില്‍ വെളിപ്പെടുത്തിയിരുന്നു. വാന്‍സിന്റെ നിരവധി മിസ്ഡ് കോളുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് താന്‍ തിരിച്ചുവിളിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതികരണം കൂടുതല്‍ ശക്തമായിരിക്കുമെന്ന് അന്ന് വാന്‍സിനോട് വ്യക്തമാക്കിയതായും പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പ്രതിരോധ മേഖലയിലൊതുങ്ങുന്നതല്ല. വ്യാപാരം, നിക്ഷേപം, നിര്‍ണായക സാങ്കേതികവിദ്യകള്‍, ബഹിരാകാശം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം, കൃത്രിമ ബുദ്ധി, സെമികണ്ടക്ടര്‍, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്. 2030ഓടെ ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യവും ഇരുരാജ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് പുറമെ വിപുലമായ വ്യാപാര കരാറിനായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.















