കാസര്‍കോട്: സ്വാതന്ത്ര്യസമര ചരിത്ര ക്വിസിന്റെ ചോദ്യത്തില്‍ വീര സവര്‍ക്കറെക്കുറിച്ചുള്ള ഒരു ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി അദ്ധ്യാപകനെതിരെ നടപടിയെടുത്തത് ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാനും ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ എബിആര്‍എസ്എമ്മിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും ജില്ലാകമ്മറ്റി നടപടി സ്വീകരിക്കും. വീര സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരാളിയാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ടൈ ബ്രേക്കര്‍ ചോദ്യത്തില്‍ വന്നുവെന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്.
ഈ ചോദ്യം തെറ്റാണ് എന്ന് പറയുന്നവര്‍ അതിന്റെ കാരണം കൃത്യമായി വിശദീകരിക്കണം. സവര്‍ക്കറുടെ സ്മരണക്കായി വിമാനത്താവളം ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ സംഘടന ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ. പ്രഭാകരന്‍ നായര്‍, കെ.വി. ബൈജു, വനിത ജോ. കണ്‍വീനര്‍ കെ. സുചിത, കെ. അജിത്ത് കുമാര്‍, ഐ. മഹാബല ഭട്ട്, കെ. ദിനേശ്, എന്‍. രഞ്ജിത്ത്, അരവിന്ദാക്ഷ ഭണ്ഡാരി, പി. ദേവിപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.















