ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ആറാം തലമുറ യുദ്ധവിമാന വികസന പദ്ധതിയില്‍ ഫ്രാന്‍സിനൊപ്പം പങ്കാളിയാകാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാന്‍സ് നേതൃത്വം നല്‍കുന്ന ഫ്യൂച്ചര്‍ കോംബാറ്റ് എയര്‍ സിസ്റ്റം പദ്ധതിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ജൂണില്‍ നൈസില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പ്രതിരോധ സഹകരണത്തിന് കൂടുതല്‍ വേഗം ലഭിച്ചത്.

നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ സഹരൂപകല്‍പ്പന, സഹവികസനം, സഹഉല്‍പ്പാദനം എന്നിവയ്‌ക്കാണ് ഇരു രാജ്യങ്ങളും മുന്‍ഗണന നല്‍കുന്നത്. ആറാം തലമുറ യുദ്ധവിമാനങ്ങളില്‍ അത്യാധുനിക സ്റ്റെല്‍ത്ത്, എഐ അധിഷ്ഠിത സംവിധാനങ്ങള്‍, ഡയറക്ടഡ് എനര്‍ജി ആയുധങ്ങള്‍, സൈബര്‍ യുദ്ധശേഷി, ആളില്ലാ ‘വിശ്വസ്ത വിങ്മാന്‍’ സംവിധാനങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യകളാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കല്‍ 2028-29 കാലയളവില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ റഫാല്‍, സ്‌കോര്‍പീന്‍ അന്തര്‍വാഹിനി തുടങ്ങിയ പ്രതിരോധ സഹകരണത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. പദ്ധതി യാഥാര്‍ഥ്യമായാല്‍ അത്യാധുനിക യുദ്ധവിമാന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര പ്രതിരോധ വ്യവസായത്തിനും വലിയ മുന്നേറ്റമാകും.

Share