കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നും ബലാത്സംഗശ്രമവും മര്‍ദനവും നടത്തിയെന്നും ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഇമാമി സിറ്റിയില്‍ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്.പി. കുന്‍വര്‍ ഭൂഷണ്‍ സിങ് അറിയിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഹൂഗ്ലി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ജൂണിലാണ് അഭിഷേകിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അഭിഷേക് പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പിന്നീട് തന്നെ ഒഴിവാക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അഭിഷേക് തന്നോട് അകലം പാലിച്ചിരുന്നതായും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായും യുവതി ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം അഭിഷേക് പോറല്‍ നിഷേധിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 2023 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്ന ഇടങ്കൈ ബാറ്ററാണ് അഭിഷേക് പോറല്‍. ഇന്ത്യ എ ടീമിനൊപ്പവും താരം യുകെയിലും ഓസ്‌ട്രേലിയയിലും പര്യടനം നടത്തിയിട്ടുണ്ട്. 2021-22 സീസണ്‍ മുതല്‍ ബംഗാളിനായി 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും അഭിഷേക് കളിച്ചിട്ടുണ്ട്.