കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേട്ടിലെ തടി ഫാക്ടറിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. വനം വകുപ്പ് പിന്നീട് തടികൾ കണ്ടെത്തി കണ്ടുകെട്ടിയിരുന്നു. തുടർന്ന് തന്നെ കബളിപ്പിച്ചെന്ന് ആരോപിച്ച് തടി ഫാക്ടറി ഉടമ അമ്പലമേട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതികളാക്കി പൊലീസ് കേസെടുത്തത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി തള്ളുകയായിരുന്നു. തുടർന്ന് ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും പ്രതികളുടെ ആവശ്യം നിരാകരിച്ചു. ഇതിന് പിന്നാലെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും പ്രതികൾ ഹാജരായില്ല. തുടർന്നാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കോടതി നിർദേശിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ പ്രതികൾക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.















