ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബര്‍ ആദ്യവാരം ഉണ്ടായേക്കുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ശബരിമല കേസില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ബോധ്ഗയ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ശബരിമല കേസിലെ വിധി ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്.
ശബരിമല വിധിക്ക് ശേഷം ബോധ്ഗയ കേസ് പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് ഒക്ടോബര്‍ ആദ്യവാരം വിധിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. തുടര്‍ന്ന് ബോധ്ഗയ കേസ് ഒക്ടോബര്‍ ആറിന് പരിഗണിക്കാന്‍ തീരുമാനിച്ചു. 2018ലെ ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളുമായി ബന്ധപ്പെട്ടാണ് ഒന്‍പതംഗ ബെഞ്ച് വാദം കേട്ടത്.
ബെഞ്ചിന്റെ വിധിക്ക് പിന്നാലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധന ഹര്‍ജികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ശബരിമല കേസിലെ വിധിക്ക് മതസ്വാതന്ത്ര്യം, ആരാധനാലയങ്ങളിലെ സ്ത്രീകളുടെ പ്രവേശനാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സമാനമായ മറ്റ് മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ഒന്‍പതംഗ ബെഞ്ചിന്റെ നിലപാട് നിര്‍ണായകമാകും.















