മുംബൈ: ‘ധുരന്ധർ’ സിനിമയ്‌ക്കെതിരെ ഉയരുന്ന പ്രൊപ്പഗണ്ട ആരോപണങ്ങളിൽ രൂക്ഷ പ്രതികരണവുമായി നടൻ ആർ. മാധവൻ. സിനിമയിൽ അജിത് ഡോവലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാധവൻ, ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് ചോദിച്ചു.
പാകിസ്ഥാൻ ഭരണാധികാരികളും അധോലോക സംഘങ്ങളും കോൺഗ്രസ് ഭരണകാലത്തെ ഇന്ത്യൻ രാഷ്‌ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥയാണ് ‘ധുരന്ധർ’ പറയത്. സിനിമയെ പ്രൊപ്പഗണ്ടയെന്ന് വിശേഷിപ്പിക്കുന്നവർക്കുള്ള മറുപടിയിലാണ് മാധവൻ നിലപാട് വ്യക്തമാക്കിയത്.
“ഓവർലി ഇന്ത്യൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഞാൻ ഇന്ത്യക്കാരനായി എന്നെത്തന്നെ അവതരിപ്പിക്കുന്നത് തെറ്റാണോ?” എന്നായിരുന്നു മാധവന്റെ ചോദ്യം. താൻ കണ്ട കാര്യങ്ങൾ അതേ രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചതെന്നും അത് ഒരു രാഷ്‌ട്രീയ പ്രസ്താവനയായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോകട്രി: ദ നമ്പി ഇഫക്റ്റ്’ പോലും അമിതമായ ഇന്ത്യാഭിമാനം പ്രകടിപ്പിക്കുന്ന സിനിമയാണെന്ന വിമർശനം നേരിട്ടിരുന്നുവെന്നും മാധവൻ പറഞ്ഞു. ‘ധുരന്ധർ’ പാകിസ്ഥാന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അവിടെയും ഇന്ത്യയിലേതുപോലെ നല്ലതും മോശവുമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സിനിമയിൽ പ്രൊപ്പഗണ്ട എവിടെയാണെന്ന് മനസിലാകുന്നില്ലെന്നും മാധവൻ വ്യക്തമാക്കി.
സിനിമയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും താൻ കണ്ട രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും അതിനെ രാഷ്‌ട്രീയ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് മാധവന്റെ നിലപാട്.















