കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലില്‍നിന്നുള്ള എണ്ണച്ചോര്‍ച്ചയും കടലില്‍ കിടക്കുന്ന കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ദോഷകരമാകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കപ്പലും കണ്ടെയ്‌നറുകളും നീക്കം ചെയ്യേണ്ടത് കപ്പല്‍ കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം അറിയിച്ചു.
അപകടം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും കടലില്‍നിന്ന് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കടലിനടിയിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി നാവികസേനയുടെ സഹായം തേടിയതായും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവില്‍ സുരക്ഷിതമായി പരിശോധന നടത്താന്‍ അനുയോജ്യമായ സാഹചര്യമല്ലാത്തതിനാല്‍ കാലവര്‍ഷത്തിന് ശേഷമായിരിക്കും വിശദമായ പരിശോധന നടത്തുക.
അതേസമയം, കടലിനടിയില്‍ കിടക്കുന്ന കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് കപ്പല്‍ കമ്പനി കോടതിയില്‍ വാദിച്ചത്. അതിനാല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് സുരക്ഷിതമെന്നും കമ്പനി നിലപാടെടുത്തു.
2025 മേയ് 25നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്‌സി എല്‍സ 3 അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ലൈബീരിയന്‍ പതാക വഹിച്ചിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട് എംഎസ്‌സി എല്‍സ 3 കപ്പല്‍ ഉടമയാണ് കേസിലെ ഒന്നാം പ്രതി. കപ്പല്‍ മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമാണ്. മനുഷ്യജീവന് അപകടമുണ്ടാകുന്ന വിധത്തില്‍ ചരക്കുകപ്പല്‍ കൈകാര്യം ചെയ്‌തെന്നാരോപിച്ചാണ് കേസ്.















