കൊല്ലം തുറമുഖത്ത് വിദേശ ചരക്കുകപ്പലില്‍ സ്‌ഫോടനം; ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുതര പൊള്ളലേറ്റു

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: കൊല്ലം പോര്‍ട്ടില്‍ തീരത്തടുപ്പിച്ച വിദേശ ചരക്കുകപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തര്‍പ്രദേശ് സ്വദേശിയായ സത്യപ്രകാശ് (40) ആണ് അപകടത്തില്‍പ്പെട്ടത്. മുഖത്തും ശരീരമാസകലവും സാരമായി പൊള്ളലേറ്റ ഇയാളെ തീരദേശ പൊലീസിന്റെയും തുറമുഖ ജീവനക്കാരുടെയും നേതൃത്വത്തില്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ആന്ധ്രപ്രദേശില്‍ നിന്ന് അരിയുമായി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പുറപ്പെട്ട ‘ഐഒഎല്‍ സഫയര്‍’ എന്ന ചരക്കുകപ്പലിലാണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. സമുദ്രസഞ്ചാരത്തിനിടെ എന്‍ജിന്‍ റൂമിലെ ജനറേറ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 23-ാം തീയതി കപ്പല്‍ അടിയന്തരമായി കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടിരുന്നു.

തകരാറിലായ ഭാഗങ്ങളുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി വെല്‍ഡിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. വെല്‍ഡിങ്ങിനിടെ ഉണ്ടായ തീപ്പൊരിയില്‍ വാതകം ചോര്‍ന്ന് തീപിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share