വീര സവർക്കറെ കുറിച്ച് ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്തിനെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: വീര സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം തയ്യാറാക്കിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ   ഹൈക്കോടതി. ചോദ്യം തെറ്റാണെന്ന് കണ്ടെത്തിയാൽ പോലും അതിന്റെ പേരിൽ മാത്രം അധ്യാപകനെ സസ്പെൻഡ് ചെയ്യാനാകുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സസ്പെൻഷന് പിന്നിലെ വ്യക്തമായ കാരണം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി.

കാസർകോട് കുമ്പളയിലെ പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദാണ് സസ്പെൻഷൻ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എൽ.പി. വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസ്’ മത്സരത്തിനുള്ള ചോദ്യാവലിയിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.

‘ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്നതായിരുന്നു ചോദ്യം.  ഇതിന്റെ ഉത്തരമായി വി.ഡി. സവർക്കർ എന്നാണ് ഉത്തരസൂചികയിൽ നൽകിയിരുന്നത്. കുമ്പള, മഞ്ചേശ്വരം, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്കാണ് ചോദ്യാവലി നൽകിയിരുന്നത്. ചരിത്ര സത്യം ഉത്തരമായി നൽകിയതിന് അധ്യാപകനെതിരെ നടപടിയെടുക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ്. സർക്കാരിന്റെ നടപടിക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അധ്യാപകനൊപ്പം നിലകൊള്ളുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

 

 

Share