കൊളംബോ: കൗമാര ക്രിക്കറ്റ് താരങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് പരിശീലകന്‍ സുമിത് ഫെര്‍ണാണ്ടോ മരിച്ചു. ഓഗസ്റ്റ് എട്ടിന് കൊളംബോയിലെ ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ക്ലബ്ബില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് സുമിത് ഫെര്‍ണാണ്ടോയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. കൊളംബോ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നിലവിലെ ശ്രീലങ്കന്‍ ഏകദിന നായകന്‍ കുശാല്‍ മെന്‍ഡിസ് ഉള്‍പ്പെടെ നിരവധി താരങ്ങളുടെ സ്‌കൂള്‍ കാലത്തെ മെന്ററായിരുന്ന സുമിത് ഫെര്‍ണാണ്ടോയുടെ വിയോഗം ശ്രീലങ്കന്‍ ക്രിക്കറ്റ് ലോകത്തിന് വലിയ നഷ്ടമാണ്.
ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ക്ലബ്ബിന്റെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ഒരു സംഘം കൗമാര താരങ്ങള്‍ കുടിവെള്ളം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങി. ക്ലബ്ബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള സുമിത് ഫെര്‍ണാണ്ടോ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ താരങ്ങളെയും സ്റ്റാഫിനെയും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുമിതിന് ആക്രമണമേറ്റത്.
പരിക്കേറ്റ് വീണ അദ്ദേഹത്തെ ഉടന്‍ കൊളംബോ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സുമിത് ഫെര്‍ണാണ്ടോയെ ആക്രമിച്ചതായി സംശയിക്കുന്ന 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൊളംബോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചൈല്‍ഡ് പ്രൊബേഷന്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഈ മാസം 17 വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് തീരുമാനം.
മൊറാട്ടുവയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് കോളജിലെ മുന്‍ കോച്ചായിരുന്ന സുമിത് ഫെര്‍ണാണ്ടോ നിരവധി സ്‌കൂള്‍തല ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകനായിരുന്നു. നിലവിലെ ശ്രീലങ്കന്‍ ഏകദിന നായകന്‍ കുശാല്‍ മെന്‍ഡിസിന്റെ സ്‌കൂള്‍ കാലത്തെ മെന്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.















