കാസര്‍കോട്: കണ്ണൂര്‍ കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതായി പരാതി. ചിറ്റാരിക്കാല്‍ സ്വദേശി പി.സി. തോമസ് പനച്ചിക്കല്‍ (86) എന്നയാളുടെ മൃതദേഹമാണ് മാറി നല്‍കിയത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തോമസ് വെള്ളിയാഴ്ച ആശുപത്രിയില്‍വച്ച് മരിച്ചു. ശനിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് അത് തോമസിന്റേതല്ലെന്ന് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ആശുപത്രി അധികൃതര്‍ തോമസിന്റെ മൃതദേഹം തിരിച്ചെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തെ തുടര്‍ന്ന് ഉച്ചയ്‌ക്ക് 2.30ന് നടത്താനിരുന്ന സംസ്‌കാരച്ചടങ്ങുകള്‍ വൈകുന്നേരത്തേക്ക് മാറ്റി. മോര്‍ച്ചറി ജീവനക്കാരുടെ അശ്രദ്ധയാണ് മൃതദേഹം മാറിപ്പോകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.















