തിരുവനന്തപുരം: സംസ്ഥാനത്ത് പല പ്രദേശങ്ങളും വെള്ളത്തിലായിട്ടും കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 22 ശതമാനം മഴക്കുറവ്. ജൂണ്‍ ഒന്നുമുതല്‍ കണക്കാക്കുന്ന കാലവര്‍ഷ സീസണില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് മഴയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ്. ഇവിടെ 51 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഇടുക്കിയില്‍ 44 ശതമാനമാണ് മഴക്കുറവ്.
അതേസമയം, പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയേക്കാള്‍ രണ്ട് ശതമാനം അധികം മഴ ലഭിച്ചു. സംസ്ഥാനത്ത് ഇത്തവണ സാധാരണയേക്കാള്‍ കുറവ് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജൂലൈ അവസാനത്തിലും ഓഗസ്റ്റ് ആദ്യത്തിലും ലഭിച്ച തീവ്രമഴയാണ് സംസ്ഥാനത്തെ മഴക്കുറവ് ഒരു പരിധിവരെ നികത്തിയത്. കുറഞ്ഞ കാലയളവില്‍ ശക്തമായ മഴ ലഭിച്ചതാണ് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കാരണമായത്.















