മുംബൈ: നടി അനന്യ രാജ് (35) അന്തരിച്ചു. ജൂലൈ 15ന് രാത്രി ഉറക്കത്തിനിടെയായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. മരണത്തിന് ദിവസങ്ങൾക്കുശേഷമാണ് കുടുംബം വിവരം പുറത്തുവിട്ടത്. അനന്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കുടുംബം മരണവിവരം അറിയിച്ചത്.
ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ നേരിട്ടിരുന്നതായും കുടുംബം കുറിപ്പിൽ വ്യക്തമാക്കി. ധീരയായ പെൺകുട്ടിയായിരുന്നു അനന്യയെന്നും രാജ്ഞിയെപ്പോലെയാണ് ജീവിച്ചതെന്നും കുടുംബം കുറിച്ചു.
‘നിന്റെ അഭാവം ഏറെ വേദനയോടെ ഞങ്ങൾ ഓർക്കും. അവളുടെ ആത്മാവിനായി പ്രാർത്ഥിക്കണം. ഈ ദുഷ്കരമായ സമയത്ത് ഞങ്ങളുടെ സ്വകാര്യതയും സമാധാനവും മാനിക്കണം’ എന്നായിരുന്നു കുടുംബത്തിന്റെ അഭ്യർഥന. സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങളും കുടുംബം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
മുംബൈയിൽ വളർന്ന അനന്യ മ്യൂസിക് വീഡിയോകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2016ൽ പുറത്തിറങ്ങിയ ‘7 Hours to Go’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2017ൽ ‘The Final Exit’, 2019ൽ ‘Ghost’ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
തെലുങ്ക് ചിത്രം ‘Taggede Le’, ത്രിഭാഷാ ചിത്രമായ ‘Madrasii Gang’ എന്നിവയിലും അനന്യ അഭിനയിച്ചിട്ടുണ്ട്. അനന്യ രാജിന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) അനുശോചനം രേഖപ്പെടുത്തി.














