തൃശൂർ: പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത്. ഡോളിയുടെ മകൻ ബെൻഹർ (46)നെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടുകത്തി ഉപയോഗിച്ച് ഡോളിയുടെ തലയ്‌ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഡോളിക്ക് ജീവൻ ഉണ്ടായിരുന്നുവെന്ന് പാവറട്ടി പഞ്ചായത്ത് അംഗം വർഗീസ് പറഞ്ഞു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
മകനും അമ്മയും തമ്മിൽ ഇടയ്‌ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും പഞ്ചായത്ത് അംഗം വർഗീസ് പറഞ്ഞു. ബെൻഹറിന് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ബെൻഹറിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യമടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ പാവറട്ടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.















