കൊച്ചി: ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഫൈനല്‍ കൗണ്ട്ഡൗണ്‍ തുടങ്ങി. സെപ്റ്റംബര്‍ 20ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയം കവാടത്തില്‍ ഒരുക്കിയ എല്‍.ഇ.ഡി കൗണ്ട്ഡൗണ്‍ ഇന്‍സ്റ്റലേഷന്‍ എം.എല്‍.എ ഉമാ തോമസ് അനാച്ഛാദനം ചെയ്തു. മത്സരത്തിന്റെ പ്രചാരണത്തിനായി കേരളത്തിലുടനീളം പര്യടനം നടത്തുന്ന രണ്ട് കാന്റര്‍ വാഹനങ്ങളുടെ പ്രചാരണ യാത്രയ്‌ക്കും അവര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫും ഗാമെന്‍ സ്‌പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. രാജേഷും ചടങ്ങില്‍ പങ്കെടുത്തു. മത്സരത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി അല്‍ താസ അവതരിപ്പിക്കുന്ന ത്രിദിന റൂട്ട് 26 കേരള ടോര്‍ച്ച് റിലേ ഓഗസ്റ്റ് 28ന് രാവിലെ 10.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ആരംഭിക്കും. ആദ്യദിനം മഞ്ചേരി, പെരിന്തല്‍മണ്ണ വഴി പാലക്കാട്ടും രണ്ടാം ദിവസം ഷൊര്‍ണൂര്‍, കുന്നംകുളം വഴി തൃശൂരിലും റിലേ പര്യടനം നടത്തും. ഓഗസ്റ്റ് 30ന് കൊരട്ടി, അങ്കമാലി, ആലുവ, കാക്കനാട് വഴി സഞ്ചരിച്ച് കൊച്ചി കലൂരില്‍ ടോര്‍ച്ച് റിലേ സമാപിക്കും.
പ്രധാന സ്വീകരണ കേന്ദ്രങ്ങളില്‍ ഫുട്‌ബോള്‍ താരങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. ആരാധകര്‍ക്കായി വിവിധ കായിക മത്സരങ്ങളും സൗജന്യ മാച്ച് ടിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ടോര്‍ച്ച് റിലേ സംഘടിപ്പിക്കുന്നത്. ‘ലഹരിക്കല്ല, ഫുട്‌ബോളിന് അടിമപ്പെടാം; ഒരു തൂഫാന്‍ പോരാളിയാകൂ’ എന്ന സന്ദേശത്തിലൂടെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ് 30ന് കൊച്ചിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ ടോര്‍ച്ച് റിലേയ്‌ക്ക് ഔദ്യോഗിക സമാപനമാകും.