ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ധീരാജ് സേത്ത് നേപ്പാളിലെത്തി. ആഗസ്റ്റ് 17 മുതല്‍ 19 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കാഠ്മണ്ഡുവിലെത്തിയ അദ്ദേഹത്തിന് നേപ്പാള്‍ സൈനിക ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് തുണ്ടിഖേലിലെ ആര്‍മി പവലിയനിലെത്തിയ ജനറല്‍ ധീരാജ് സേത്ത് രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്ര, പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ജനറല്‍ ധീരാജ് സേത്തിന് നേപ്പാള്‍ സൈന്യത്തിന്റെ ‘ഓണററി ജനറല്‍’ പദവി സമ്മാനിച്ചു. ഇരുരാജ്യങ്ങളിലെയും കരസേനാ മേധാവികള്‍ക്ക് പരസ്പരം ആദരസൂചകമായി ഓണററി പദവി നല്‍കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണിത്.
നേപ്പാള്‍ ആര്‍മി ചീഫുമായും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായും ജനറല്‍ ധീരാജ് സേത്ത് കൂടിക്കാഴ്ച നടത്തും. തന്ത്രപ്രധാന വിഷയങ്ങളും ഉഭയകക്ഷി പ്രതിരോധ സഹകരണവും സംബന്ധിച്ച വിശദീകരണവും അദ്ദേഹം സ്വീകരിക്കും. ശിവപുരിയിലെ ആര്‍മി കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോഴ്സിലെ സ്റ്റുഡന്റ് ഓഫീസര്‍മാരെയും അദ്ദേഹം അഭിസംബോധന ചെയ്യും. സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ആഗസ്റ്റ് 19ന് പോഖറയിലെത്തുന്ന ജനറല്‍ ധീരാജ് സേത്ത് മുന്‍ സൈനികരുടെ റാലിയില്‍ പങ്കെടുക്കും.
ചടങ്ങില്‍ വീര്‍ നാരിമാരെയും ഗാലന്ററി അവാര്‍ഡ് ജേതാക്കളെയും ആദരിക്കും. ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച നേപ്പാളികളായ വിമുക്തഭടന്മാരുമായും അദ്ദേഹം ആശയവിനിമയം നടത്തും. ‘റോട്ടി-ബേട്ടി കാ റിഷ്താ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-നേപ്പാള്‍ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ജനക്പൂര്‍-അയോധ്യ, ലുംബിനി-ബോധ്ഗയ തുടങ്ങിയ ആത്മീയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും സന്ദര്‍ശനം സഹായിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.