അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: അമിതാഭ് ബച്ചന്റെ  വാടകയിനത്തിൽ ലഭിക്കുന്നത് വൻ വരുമാനം. മുംബൈ അന്ധേരി വെസ്റ്റിലെ മൂന്ന് നില കെട്ടിടം പ്രമുഖ ന്യൂട്രീഷൻ ബ്രാൻഡായ ട്രൂനാറ്റീവ് എഫ് ആൻഡ്ബിക്ക് വാടകയ്‌ക്ക് നൽകിയതായാണ് റിപ്പോർട്ട്.

ഒഷിവാരയിലെ സിഗ്നേച്ചർ കെട്ടിടത്തിലെ മൂന്ന് നിലകളാണ് അഞ്ച് വർഷത്തെ ലീസിന് നൽകിയിരിക്കുന്നത്. 2026 ഓഗസ്റ്റ് 15 മുതലാണ് ലീസ് ആരംഭിച്ചത്. ഏകദേശം 8,428 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്തിന് പ്രതിമാസം 33 ലക്ഷം രൂപയാണ് വാടക.

ലീസ് കാലയളവിലെ ആകെ വാടക വരുമാനം ഏകദേശം 22 കോടി രൂപ വരും. ചതുരശ്ര അടിക്ക് ഏകദേശം 390 രൂപയാണ് വാടക നിരക്ക്. ഓരോ വർഷവും വാടകയിൽ അഞ്ച് ശതമാനം വർധനവുണ്ടാകും. കൂടാതെ 1.98 കോടി രൂപയുടെ സുരക്ഷാ നിക്ഷേപവും ട്രൂനാറ്റീവ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. കെട്ടിടത്തിലെ ഒമ്പത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പ്രത്യേക അവകാശവും ലീസ് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ബച്ചൻ സജീവമാണ്. ഈ വർഷം മാർച്ചിൽ അയോധ്യയിൽ 2.67 ഏക്കർ ഭൂമി 25 കോടി രൂപയ്‌ക്ക് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ നിന്നായിരുന്നു ഭൂമി വാങ്ങിയത്. അയോധ്യയിൽ ഇതേ ഡെവലപ്പറുമായുള്ള ബച്ചന്റെ മൂന്നാമത്തെ നിക്ഷേപമാണിത്.

മുംബൈയിലെ ലോട്ടസ് സിഗ്നേച്ചർ കെട്ടിടത്തിലെ നാല് ഓഫീസ് യൂണിറ്റുകളും ബച്ചൻ നേരത്തെ വാർണർ മ്യൂസിക്കിന് ലീസിന് നൽകിയിരുന്നു. 2024 മാർച്ചിൽ ആരംഭിച്ച ആ ലീസിൽ പ്രതിമാസം 17.30 ലക്ഷം രൂപയാണ് വാടകയായി നിശ്ചയിച്ചിരുന്നത്. 12 വാഹനങ്ങൾക്കുള്ള പ്രത്യേക പാർക്കിംഗ് സൗകര്യവും അന്ന് കരാറിൽ ഉൾപ്പെടുത്തിയിരുന്നു.

2024ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ‘വേട്ടയ്യൻ’ ആയിരുന്നു അമിതാഭ് ബച്ചന്റെ അവസാന ചിത്രം. അതേസമയം, അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റിലെ നിക്ഷേപങ്ങളിലൂടെയും വരുമാനം വർധിപ്പിക്കുകയാണ് ബിഗ് ബി.

Share