പാലക്കാട്: വടക്കഞ്ചേരി മംഗലം റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു. പുലർച്ചെ 2.20ഓടെയാണ് അപകടം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന പിക്കപ്പ് ജീപ്പാണ് റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിച്ചത്. ഏകദേശം 50നും 60നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. കറുത്ത ടീഷർട്ടും ലുങ്കിയുമാണ് ധരിച്ചിരുന്നത്. വലത് കാലിന് ശേഷിക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു.
വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.















