ഗുരുവായൂർ: ഓണത്തിന്റെ പുണ്യവും ആഘോഷവും ഭക്തിസാന്ദ്രമാക്കാൻ ഗുരുവായൂർ ഒരുങ്ങി. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി, മേളം, ഭക്തർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി നിരവധി ചടങ്ങുകളാണ് ഇത്തവണ ഓണത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനും ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ട്. ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദർശനത്തിനും പ്രസാദ ഊട്ടിനും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
ആഗസ്റ്റ് 26 ബുധനാഴ്ചയാണ് തിരുവോണം. പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ അന്നേ ദിവസം വിശേഷാൽ കാഴ്ചശീവേലിയും മേളവും നടക്കും. പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കും.
ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ആദ്യം ഓണപ്പുടവ സമർപ്പിക്കുക. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാൻ സൗകര്യമുണ്ടാകും.
തിരുവോണ ദിനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് 10,000 പേർക്ക് ഒരുക്കുന്ന വിശേഷാൽ പ്രസാദ ഊട്ട്. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് ഒരുക്കുന്നത്.
രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ പ്രസാദ ഊട്ടിനുള്ള വരി അവസാനിപ്പിക്കും. തുടർന്ന് ബുഫേ സംവിധാനവും ഉണ്ടായിരിക്കും. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന്റെ വടക്കുഭാഗത്തായിരിക്കും.
തിരുവോണ ദിവസം രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് ബൽറാം, ബാലകൃഷ്ണൻ, ജൂനിയർ വിഷ്ണു എന്നീ ദേവസ്വം കൊമ്പന്മാർ കോലമേറും. ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെൻ, വിനായകൻ, ചെന്താമരാക്ഷൻ എന്നിവരും രാത്രി ശീവേലിക്ക് രാജശേഖരൻ, ഗോപാലകൃഷ്ണൻ, ശങ്കരനാരായണൻ എന്നിവരും കോലമേറും.
രാവിലെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും മേളം ഒരുക്കും. ഉച്ചയ്‌ക്കുശേഷമുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും സംഘവുമായിരിക്കും മേളത്തിന് നേതൃത്വം നൽകുക.
ആഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് ഉത്രാടം. രാവിലെ ശീവേലിക്ക് ശേഷമാണ് സ്വർണക്കൊടിമരച്ചുവട്ടിൽ ഉത്രാടം കാഴ്ചക്കുല സമർപ്പണം നടക്കുക. ക്ഷേത്രം മേൽശാന്തിയാണ് ആദ്യം കാഴ്ചക്കുല സമർപ്പിക്കുക. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും കാഴ്ചക്കുല സമർപ്പിക്കും.
കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നടയിലെ തിടപ്പള്ളി വാതിലിന് സമീപം എത്തി വരിനിൽക്കാനും ഇരിക്കാനും സൗകര്യമൊരുക്കും.
ഓണനാളുകളിൽ ഗുരുവായൂരിൽ വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ പൊതുവരി നിൽക്കുന്നവർക്കായിരിക്കും ദർശനത്തിന് മുൻഗണന.
ഉത്രാടം ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങളിൽ ചതയം വരെ രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് 2 മണി വരെ സ്പെഷ്യൽ ദർശനം നിയന്ത്രിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദർശനസമയം ഒരു മണിക്കൂർ വർധിപ്പിക്കും. ഉച്ചയ്‌ക്ക് ശേഷം ക്ഷേത്രനട 3.30ന് വീണ്ടും തുറക്കും.
ഓണത്തിന്റെ ആഘോഷവും ഭക്തിയും ഒരുമിക്കുന്ന ദിവസങ്ങളിൽ ഗുരുവായൂരപ്പന്റെ ദർശനത്തിനായി എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് ദേവസ്വം. കേരളത്തിന്റെ ഓണപ്പെരുമയും ഗുരുവായൂരിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷവും ഒരുമിക്കുന്ന അപൂർവ കാഴ്ചകൾക്കാണ് ഇത്തവണ ഗുരുവായൂർ സാക്ഷിയാകുക.















