ബെട്ടിയ (ബിഹാര്‍): കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ അമിതവേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. ബിഹാറിലെ ബെട്ടിയയിലാണ് ദാരുണ സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേവേന്ദ്ര ദുബെ, ബഹാദൂര്‍ മഹാതോ, സഞ്ജയ് കുമാര്‍, ഭോല ദുബെ, ചംഗൂര്‍ രാം എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ദേവേന്ദ്ര ദുബെയുടെ കുഞ്ഞ് കഴിഞ്ഞ ദിവസമാണ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ കുടുംബവും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
നഗരത്തിന് സമീപമുള്ള പരൗ തോല ബങ്കത്വയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നൃത്തപരിപാടി കാണുകയായിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ബെട്ടിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.