മുംബൈ: മുംബൈയിലെ മസഗാവ് മേഖലയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ ഇസ്ലാമിസ്റ്റുകളുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ഘോഷയാത്ര കടന്നു പോകുന്നതിനിടെ സമീപത്തെ കെട്ടിടത്തിൽ ഒളിച്ചിരുന്ന സംഘം മുട്ടയേറിയുകയായിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി നടന്ന സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് ബൈക്കുളയിലെ നാഗ്പാഡയിലും സമാനമായ രീതിയിൽ ആക്രമം ഉണ്ടായിരുന്നുവെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. 2022 ഓഗസ്റ്റിൽ മുംബൈയിലെ നാഗ്പാഡയിലെ കമാത്തിപുരയിലും ഘോഷയാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു.
അഖിൽ പബ്ലിക് ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡന്റ് ഹിതേഷ് ജാദവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് ഇപ്പോഴും വിന്യസിച്ചിട്ടുണ്ട്.















