തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത ജീവിതങ്ങളും അവയെ നിർണയിക്കുന്ന വിധിയുടെ വഴിത്തിരിവുകളും പ്രമേയമാക്കി ഒരുങ്ങിയ ചിത്രം ‘ഡെസ്റ്റിനി’ പ്രദർശനത്തിനൊരുങ്ങുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിക്കുന്ന ചിത്രം സന്തോഷ് മസ്താനും കിഷോർ ആനാകോടും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.
മൂന്ന് വ്യത്യസ്ത കഥകളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ഓരോ കഥയും പശ്ചാത്താപം, തിരിച്ചറിവ്, തെറ്റുതിരുത്തൽ, പ്രണയം, ദുരന്തം തുടങ്ങിയ വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെയാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
തന്റെ മുൻകാല മോശം പ്രവർത്തികളിൽ പശ്ചാത്തപിക്കുന്ന സി.ഐ ജയശീലൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മനോവ്യാപാരങ്ങളിലൂടെയാണ് ആദ്യ കഥ സഞ്ചരിക്കുന്നത്. കഴിഞ്ഞകാലത്തെ തെറ്റുകളും അതിന്റെ പ്രത്യാഘാതങ്ങളും ഒരു മനുഷ്യന്റെ ജീവിതത്തിൽ എങ്ങനെ തിരിച്ചറിവുകളായി മാറുന്നു എന്നതാണ് ഈ കഥയുടെ പ്രമേയം.
കവി കൂടിയായ സാംസ്‌കാരിക പ്രവർത്തകൻ നരേന്ദ്രനാഥിന്റെ തകർന്നുപോയ കുടുംബബന്ധങ്ങളാണ് രണ്ടാമത്തെ കഥയുടെ കേന്ദ്രം. അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങൾ ശിഥിലമാകാൻ കാരണക്കാരായവർ തന്നെ പിന്നീട് ആ ബന്ധങ്ങളെ കൂട്ടിയിണക്കാൻ മുന്നിട്ടിറങ്ങുന്നു. തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും വൈകിയാലും മനുഷ്യബന്ധങ്ങളെ വീണ്ടെടുക്കാൻ കഴിയുമെന്ന സന്ദേശമാണ് ഈ കഥ മുന്നോട്ടുവയ്‌ക്കുന്നത്.
മൂന്നാമത്തെ കഥയാകട്ടെ അനാഥനായ കലാകാരൻ ശന്തനുവിന്റെയും മെയ്ഫ്ളവറിന്റെയും കടുത്ത പ്രണയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രണയത്തിന്റെ തീവ്രതയും അതിനെ തുടർന്ന് സംഭവിക്കുന്ന ദാരുണമായ അന്ത്യവുമാണ് ഈ കഥയുടെ കാതൽ.
പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്, എമിൽ, അർച്ചന ദേവി, ആർച്ച എസ്. നായർ, നജീന ആലംകോട്, കവിത തുടങ്ങിയവരും അഭിനയിക്കുന്നു.
സന്തോഷ് കൃഷ്ണയും കിഷോർ ആനാകോടും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മനു ഗോകുലും ബിജുലാൽ പോത്തൻകോടും ചേർന്നാണ് ഛായാഗ്രഹണം. മേക്കപ്പ് — വിധു ബാബു, ആർട്ട് — അജി ഏഴാം മൈൽ, എഡിറ്റിംഗ് — വി.എസ്. സജിയും ബിനുവും. പ്രൊഡക്ഷൻ കൺട്രോളർ അജയ്ഘോഷ് പരവൂർ. പി.ആർ.ഒ — അജയ് തുണ്ടത്തിൽ.
വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ മനുഷ്യന്റെ തെറ്റുകളും തിരിച്ചറിവുകളും ബന്ധങ്ങളും പ്രണയവും അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകർക്ക് മൂന്ന് കഥകളുടെ വേറിട്ട അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.















