ലണ്ടന്‍: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സജീവ നീക്കത്തില്‍. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ലഭിച്ചാല്‍ താരത്തെ വില്‍ക്കാന്‍ ചെല്‍സി തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 120 മില്യണ്‍ പൗണ്ട് വരെ സിറ്റി എന്‍സോയ്‌ക്കായി ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായാണ് സൂചന.
2023 ജനുവരിയില്‍ ബെന്‍ഫിക്കയില്‍ നിന്ന് ഏകദേശം 121 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് തുകയ്‌ക്കാണ് എന്‍സോ ചെല്‍സിയിലെത്തിയത്. എന്നാല്‍ ടീമിലെ നിലവിലെ സാഹചര്യങ്ങളില്‍ അതൃപ്തനായ താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സിറ്റിയുടെ പരിശീലകനായ എന്‍സോ മരെസ്‌കയ്‌ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനും അര്‍ജന്റീന താരത്തിന് താല്‍പര്യമുണ്ടെന്നാണ് സൂചന.
എന്നാല്‍ എന്‍സോയെ വിട്ടുനല്‍കുന്നതിന് മുമ്പ് പകരം അനുയോജ്യനായ മധ്യനിര താരത്തെ കണ്ടെത്തണമെന്ന നിലപാടിലാണ് ചെല്‍സി. സമീപകാല മത്സരങ്ങളില്‍ എന്‍സോയ്‌ക്ക് ആദ്യ ഇലവനില്‍ ഇടം ലഭിക്കാതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ജാലകം അടയ്‌ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അടുത്ത 48 മണിക്കൂറിനുള്ളില്‍ സിറ്റി ഔദ്യോഗിക ഓഫര്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവും ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസിനെ സ്വന്തമാക്കാനുള്ള നീക്കവും ചെല്‍സി പൂര്‍ത്തിയാക്കി. ഏകദേശം 7.5 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് 34-കാരനായ താരം ലണ്ടന്‍ ക്ലബ്ബിലെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറില്‍ ചെല്‍സിയിലെത്തുന്ന മാര്‍ട്ടിനെസിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്. ആസ്റ്റണ്‍ വില്ലയില്‍ പുതിയ ഗോള്‍കീപ്പറുടെ വരവോടെ അവസരം കുറഞ്ഞതും താരത്തിന്റെ മാറ്റത്തിന് വഴിയൊരുക്കി.
കഴിഞ്ഞ മത്സരത്തിലെ റോബര്‍ട്ട് സാഞ്ചസിന്റെ പ്രകടനത്തിന് പിന്നാലെ പുതിയ ഗോള്‍കീപ്പറെ ടീമിലെത്തിക്കുക ചെല്‍സിയുടെ പ്രധാന പരിഗണനയായിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ട്ടിനെസിനായുള്ള നീക്കങ്ങള്‍ വേഗത്തിലായത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ ഭാവിയിലും വരും മണിക്കൂറുകളില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും.















