ലക്നൗ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാൻ കൊലക്കേസ് പ്രതികൾ യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗോഗി ക്രമിനൽ സംഘാംഗങ്ങളായ സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് പൊലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. ഇരുവരിൽനിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിന് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഷാംലി എസ്.പി. നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഈ മാസം 26നാണ് ഉത്തർപ്രദേശിലെ ഷാംലിയിൽ അങ്കിത് ബാലിയാൻ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ജിമ്മിൽനിന്ന് പുറത്തിറങ്ങിയ അങ്കിത് ബാലിയാന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അങ്കിതിനെ സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 16 തവണയാണ് അക്രമികൾ അങ്കിതിന് നേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജിമ്മിൽനിന്ന് പുറത്തിറങ്ങി കാറിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് അങ്കിതിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗോഗി സംഘം ഏറ്റെടുത്തിരുന്നു. കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.















