കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ഡെലിവറി ബോയി പിടിയില്‍. എറണാകുളം മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി ലിബിനെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന് 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യം പോലീസ് കണ്ടെടുത്തു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ ലിബിന്‍ മദ്യവില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. മദ്യവില്‍പ്പനയ്‌ക്കായി ഇയാള്‍ ഉപയോഗിച്ചിരുന്ന രീതിയും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.















