ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ പാൽ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്വന്തം നെയ്യും. ആഗോള ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുന്ന പ്രമുഖ പ്ലാറ്റ്‌ഫോമായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കിയ പട്ടികയിലാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് ഉൽപ്പന്നങ്ങൾ ഇടംപിടിച്ചത്. ഗിർ ഓർഗാനിക്കിന്റെ എ2 ഗിർ കൗ ഗീയും അമുലിന്റെ പ്യുവർ ഗീയും ആറാം സ്ഥാനം പങ്കിട്ടു.

ഡെന്മാർക്ക്, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബട്ടറുകളോട് മത്സരിച്ചാണ് ഇന്ത്യൻ നെയ്യ് പട്ടികയിൽ മുന്നിലെത്തിയത്. മികച്ച ഗുണനിലവാരം, സാംസ്കാരിക പ്രാധാന്യം, പാരമ്പര്യം, ചരിത്രം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് ടേസ്റ്റ് അറ്റ്‌ലസ് വ്യക്തമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ സർട്ടിഫൈഡ് ഓർഗാനിക് ഫാമുകളിൽ വളർത്തുന്ന നാടൻ ഗിർ പശുക്കളുടെ പാലിൽ നിന്നാണ് ഗിർ ഓർഗാനിക്കിന്റെ എ2 ഗിർ കൗ ഗീ തയ്യാറാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള നിർമാണവും ഉൽപ്പന്നത്തിന്റെ ഗുണനിലവാരവുമാണ് ശ്രദ്ധേയമായത്.

അതേസമയം, ഇന്ത്യക്കാരുടെ അടുക്കളകളിൽ വർഷങ്ങളായി നിറസാന്നിധ്യമായ അമുൽ പ്യുവർ ഗീയും ആഗോള പട്ടികയിൽ ഇടംനേടി. തനതായ മണം, നിറം, രുചി എന്നിവയാണ് അമുലിന്റെ നെയ്യിന്റെ പ്രത്യേകത.

പട്ടികയിൽ ഓസ്ട്രേലിയയിൽ നിന്നുള്ള പെപെ സയാസ്, വെസ്റ്റേൺ സ്റ്റാർ ബ്രാൻഡുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ബെൽജിയം രണ്ടാം സ്ഥാനത്തും ഡെന്മാർക്ക് മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ഫ്രാൻസ് അഞ്ചാം സ്ഥാനത്തും എത്തി. ആഗോള രുചിപ്പട്ടികയിൽ ‘നെയ്യ്’ തിളങ്ങിയതോടെ ഇന്ത്യൻ പാരമ്പര്യ ഭക്ഷണത്തിനും അഭിമാനനേട്ടമായി മാറുകയാണ് ഈ അംഗീകാരം.

Share