തിരുവനന്തപുരം: സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ, 2001ൽ തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ച് നടി മാലാ പാർവതി. കൈരളി ചാനലിൽ അവതാരകയായിരുന്ന കാലത്ത് ഒരു മൗലവി തന്നോട് സംസാരിക്കാൻ പോലും തയ്യാറായില്ലെന്നും ഒടുവിൽ അദ്ദേഹത്തിന്റെ അഭിമുഖം പുരുഷ അവതാരകൻ മാത്രം നടത്തിയാൽ മതിയെന്ന് മേലധികാരികൾ നിർദേശിച്ചെന്നും മാലാ പാർവതി പറഞ്ഞു.
കാന്തപുരം മൗലവിയുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം കേട്ടപ്പോഴാണ് പഴയ സംഭവം ഓർമ വന്നതെന്ന് മാലാ പാർവതി കുറിപ്പിൽ പറയുന്നു. സ്ത്രീകൾ പൊതുഇടങ്ങളിൽ ഇറങ്ങിയാൽ സർവനാശം സംഭവിക്കുമെന്ന തരത്തിലുള്ള പ്രസ്താവനയെ സ്ത്രീ വിരുദ്ധമെന്നു മാത്രം വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും, അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അവർ അഭിപ്രായപ്പെട്ടു.
2001 മാർച്ച് 19നാണ് സംഭവം നടന്നതെന്ന് മാലാ പാർവതി പറയുന്നു. അന്ന് കൈരളി ചാനലിലെ ‘ശുഭദിനം’ എന്ന പ്രഭാത പരിപാടിയുടെ അവതാരകരായിരുന്നു താനും അനൂപ് മേനോനും. മതപണ്ഡിതർ അതിഥികളായി എത്തുമ്പോൾ ആത്മീയ വിഷയങ്ങളിൽ താനായിരുന്നു കൂടുതലായി ചോദ്യങ്ങൾ ചോദിച്ചിരുന്നതെന്നും അവർ പറയുന്നു.
ഒരു പ്രമുഖ മൗലവി പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ താനാണ് പോയത്. തന്നെ കണ്ടതോടെ അദ്ദേഹം മുഖം തിരിച്ചതായും താൻ പലതവണ സംസാരിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം തന്നെ നോക്കാൻ പോലും തയ്യാറായില്ലെന്നും മാലാ പാർവതി കുറിപ്പിൽ പറയുന്നു.
തുടർന്ന് അനൂപ് മേനോനെയും മേക്കപ്പ് ആർട്ടിസ്റ്റ് ഷാൻ പട്ടണത്തെയും വിളിച്ചുവരുത്തി. അപ്പോഴാണ് “സ്ത്രീകളോട് സംസാരിക്കില്ല” എന്ന നിലപാടാണ് മൗലവി സ്വീകരിച്ചതെന്ന് വ്യക്തമായതെന്ന് അവർ പറയുന്നു. അഭിമുഖം ഇരുവരും ചേർന്നാണ് നടത്തുന്നതെന്നും വിഷയത്തെക്കുറിച്ച് തനിക്കാണ് കൂടുതൽ അറിവെന്നും അനൂപ് മേനോൻ വ്യക്തമാക്കിയെങ്കിലും മൗലവി നിലപാടിൽ ഉറച്ചുനിന്നതായും മാലാ പാർവതി ആരോപിച്ചു.
തുടർന്ന് വിഷയം ചാനൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഒടുവിൽ അനൂപ് മേനോൻ മാത്രം അഭിമുഖം നടത്തിയാൽ മതിയെന്ന നിർദേശം ലഭിക്കുകയായിരുന്നു. “എന്റെ അറിവിനും ചിന്തകൾക്കും വിലയില്ലാതായ ദിവസം” എന്നായിരുന്നു അന്നത്തെ അനുഭവത്തെക്കുറിച്ചുള്ള മാലാ പാർവതിയുടെ പ്രതികരണം.
ഇത്തരം സമീപനങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെയും സാമൂഹിക പങ്കാളിത്തത്തെയും ബാധിക്കുന്നതാണെന്നും അവർ പറഞ്ഞു. 2001ൽ നിന്ന് 2026ലെത്തിയിട്ടും ഇത്തരം വിഷയങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന മാലാ പാർവതി പറഞ്ഞു.
അവസാനമായി, അന്ന് മൗലവിയോട് ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം തന്നെയാണ് ഇപ്പോഴും ചോദിക്കാനുള്ളതെന്നും മാലാ പാർവതി പറഞ്ഞു: അടിയന്തരാവസ്ഥയിൽ ആശുപത്രിയിലെത്തിയാൽ സ്ത്രീ ഡോക്ടർ തന്നെ പരിശോധിക്കരുതെന്ന് പറയുമോ? സ്ത്രീകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന മൗലവി ആ ചോദ്യത്തിനും മറുപടി നൽകിയില്ലെന്നും അവർ കുറിച്ചു.















