ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്‌ക്ക് മറ്റൊരു നേട്ടം. ഇന്ത്യന്‍ വ്യോമസേന തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച ലോങ് റേഞ്ച് ഗ്ലൈഡ് ബോംബ് ഖഗന്തക്-243-ന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി നടത്തി. ഇന്ത്യന്‍ പ്രതിരോധ കമ്പനിയായ JSR Dynamics ആണ് ആയുധ സംവിധാനം വികസിപ്പിച്ചത്. പരീക്ഷണം ലക്ഷ്യമിട്ട കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍നിന്ന് പുറത്തുവിട്ടതിന് ശേഷം ലക്ഷ്യത്തിലേക്ക് ഗ്ലൈഡ് ചെയ്ത് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഗ്ലൈഡ് ബോംബുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സാധാരണ ഗ്രാവിറ്റി ബോംബുകളെ അപേക്ഷിച്ച് കൂടുതല്‍ ദൂരത്തില്‍നിന്ന് ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ വിമാനത്തിന് ഇതുവഴി സാധിക്കും. കൃത്യതയോടെയുള്ള ആക്രമണ ശേഷിയും വ്യോമസേനയുടെ പ്രവര്‍ത്തന സൗകര്യവും വര്‍ധിപ്പിക്കുകയാണ് ഇത്തരം ആയുധ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യം. ദീര്‍ഘദൂര എയര്‍-ലോഞ്ച്ഡ് ആയുധങ്ങളുടെ തദ്ദേശീയ ശേഖരം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഖഗന്തക്-243 പരീക്ഷണവും നിര്‍ണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
ഡ്രോപ്പ് ടെസ്റ്റ് വിജയിച്ചതുകൊണ്ട് മാത്രം ഖഗന്തക്-243 പ്രവര്‍ത്തന സജ്ജമായി സേനയുടെ ഭാഗമായെന്ന് അര്‍ഥമില്ല. ആയുധ സംവിധാനത്തിന്റെ പ്രകടനവും ശേഷിയും വിലയിരുത്തുന്നതിനുള്ള വികസന-പരീക്ഷണ ഘട്ടത്തിന്റെ ഭാഗമാണ് ഇത്തരം പരീക്ഷണങ്ങള്‍. ഖഗന്തക്-243-ന്റെ വിജയകരമായ പരീക്ഷണം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൃത്യപ്രഹര, ദീര്‍ഘദൂര വ്യോമായുധങ്ങളുടെ ശ്രേണി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ്. വ്യോമസേനയ്‌ക്കായി കൂടുതല്‍ ദീര്‍ഘദൂര കൃത്യപ്രഹര സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
സൈന്യം, പ്രതിരോധ ഗവേഷണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ കമ്പനികള്‍ എന്നിവ തമ്മിലുള്ള സഹകരണത്തിനും ഇത്തരം പദ്ധതികള്‍ കൂടുതല്‍ ഊര്‍ജം നല്‍കും. ഖഗന്തക്-243-ന്റെ വികസനവും പരീക്ഷണവും വിജയകരമാകുന്നത് ഇന്ത്യയുടെ വളര്‍ന്നുവരുന്ന തദ്ദേശീയ പ്രിസിഷന്‍-സ്‌ട്രൈക്ക് സംവിധാനങ്ങളുടെ ശേഷി വിപുലീകരിക്കുന്നതിലെ പ്രധാന മുന്നേറ്റമായാണ് കണക്കാക്കുന്നത്.















