തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനം എന്ന പേരിൽ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മത്സരങ്ങളുടെ വിശദമായ പദ്ധതി റിപ്പോർട്ടായ (DPR) ഡിപിആർ തയ്യാറാക്കിയതിലും ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയുന്ന തരത്തിലാണ് ഡിപിആർ തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്പോർട്സ് കേരള ഫൗണ്ടേഷനാണ് മത്സരങ്ങളുമായി ബന്ധപ്പെട്ട ഡിപിആർ തയ്യാറാക്കിയത്. പദ്ധതിയുടെ വരുമാനം കുറച്ചുകാണിക്കുകയും ചെലവ് ഉയർത്തിക്കാണിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. കായിക സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
ഡിപിആർ പ്രകാരം പദ്ധതിയിലൂടെ ലഭിക്കുമെന്ന് കണക്കാക്കിയ വരുമാനം 82 കോടി മാത്രമായിരുന്നു. അതേസമയം പദ്ധതിയുടെ ആകെ ചെലവ് 210 കോടിയായി കണക്കാക്കി. ഇതോടെ ഉണ്ടാകുന്ന 128 കോടിയുടെ കമ്മി സർക്കാർ ബജറ്റ് ഗ്രാന്റിലൂടെ നികത്തണമെന്നായിരുന്നു ശുപാർശ.
എന്നാൽ വരുമാനം കണക്കാക്കിയതിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ടിക്കറ്റ് വിൽപ്പനയും സംപ്രേഷണാവകാശവും മാത്രമാണ് പ്രധാന വരുമാന സ്രോതസുകളായി ഡിപിആറിൽ ഉൾപ്പെടുത്തിയിരുന്നത്. വലിയ തോതിൽ വരുമാനം ലഭിക്കാവുന്ന മറ്റ് മേഖലകൾ ഒഴിവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
സ്പോൺസർഷിപ്പ്, മെർച്ചൻഡൈസിംഗ്, സെൽഫി അവസരങ്ങൾ, ഗെറ്റ്-ടുഗെദർ, ടേബിൾ ഡിന്നർ തുടങ്ങിയവയിലൂടെ ലഭിക്കാവുന്ന വരുമാനം ഡിപിആറിൽ കണക്കാക്കിയില്ല. ഇതിലൂടെ സ്പോൺസർക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
മെസ്സിയുടെ ഇന്ത്യയിലെ മുൻ സന്ദർശനങ്ങളിൽ നിന്നുള്ള വരുമാന സാധ്യതകൾ കൂടി പരിശോധിച്ചാണ് പുതിയ വിലയിരുത്തൽ. മെസ്സിയുടെ സന്ദർശനത്തിലൂടെ കുറഞ്ഞത് 200 കോടിയോളം ലാഭം നേടാൻ കഴിയുമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ നിഗമനം.
കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെസ്സി മുമ്പ് കളിച്ച മത്സരങ്ങളിൽ നിന്നുള്ള വരുമാനവും സാമ്പത്തിക മാതൃകകളും പരിശോധിച്ചാണ് ഈ കണക്കുകൾ തയ്യാറാക്കിയതെന്നാണ് വിവരം.
ഇതിന് പുറമെ സ്പോൺസർക്ക് അനുകൂലമായി നിരവധി ഇളവുകളും സർക്കാർ അനുവദിച്ചിരുന്നതായും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പെർഫോമൻസ് ഗ്യാരന്റി, ലൈസൻസ് ഫീസ്, പെർഫോമൻസ് സെക്യൂരിറ്റി തുടങ്ങിയ ഇനങ്ങളിൽ ഇളവ് നൽകിയതായാണ് റിപ്പോർട്ടിലെ പരാമർശം. ഇത്തരം ഇളവുകൾ കൂടി നൽകിയത് സ്പോൺസർക്ക് അമിത സാമ്പത്തിക നേട്ടം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എൻ. പ്രശാന്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വിവരങ്ങൾ ശേഖരിച്ചു. എസ്.ഐ.ടി അംഗവും ഐ.ജിയുമായ സതീഷ് ബിനോയാണ് പ്രശാന്തിൽ നിന്ന് വിവരങ്ങൾ തേടിയത്. സെക്രട്ടേറിയറ്റിലെ പ്രശാന്തിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഡിപിആറിലെ കണ്ടെത്തലുകളും അതിന് പിന്നിലെ നടപടിക്രമങ്ങളും സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം പ്രശാന്തിൽ നിന്ന് ചോദിച്ചറിഞ്ഞത്.















