കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. കാന്തപുരത്തിന്റെ പ്രസ്താവനയെ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വി.ഡി. സതീശൻ വിമർശിച്ചതെന്നും “മര്യാദയ്‌ക്ക് സംസാരിക്കണം” എന്നും സുപ്രഭാതം വിമർശിച്ചു.
സ്ത്രീ അഴിഞ്ഞാട്ടങ്ങൾ സൃഷ്ടിക്കുന്ന അധാർമികതയെക്കുറിച്ചാണ് കാന്തപുരം വിശ്വാസി സമൂഹത്തോട് പറഞ്ഞതെന്നും അത്തരം കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കുള്ള വി.ഡി. സതീശന്റെ മറുപടി “കുരുടൻ ആനയെ തൊട്ട അനുഭവം പോലെയാണ്” എന്നും സുപ്രഭാതം പരിഹസിച്ചു.
ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയയാളാണ് വി.ഡി. സതീശനെന്നും മുഖപത്രം ആരോപിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നതെന്നും സുപ്രഭാതം വിമർശിച്ചു.















