തൃശ്ശൂർ: കയ്പമംഗലത്തെ റോഡ് ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപേ തൃശ്ശൂരിൽ വീണ്ടും ദാരുണ വാഹനാപകടം. കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിന് പിന്നാലെ കാർ ഓടിച്ചയാൾ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്.
ഗുരുവായൂർ–കുന്നംകുളം റോഡിൽ അർത്താറ്റിൽ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു.
ഫോൺ കോൾ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ ഇതേ ദിശയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ബൈക്കിലുണ്ടായിരുന്നവർ ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് ശേഷം കാർ ഡ്രൈവർ സ്ഥലത്തുനിന്ന് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.















