കെയ്റോ: അനധികൃത ലഹരിമരുന്ന് നിർമ്മാണവും കടത്തുമായി ബന്ധപ്പെട്ട കേസിൽ ഈജിപ്ഷ്യൻ ടിവി അവതാരക സാറ ഖലീഫ ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ. 39കാരിയായ സാറ ഖലീഫ ‘മിഷൻ ഇംപോസിബിൾ’ എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയയായത്. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്യുന്ന പരിപാടിയായിരുന്നു ഇത്. ഇവർക്ക് ഇവന്റ് മാനേജ്മെന്റ് കമ്പനിയും കോസ്മെറ്റിക് സർജറി ക്ലിനിക്കും സ്വന്തമായുണ്ട്. ഇൻസ്റ്റഗ്രാമിൽ 25 ലക്ഷം ഫോളോവേഴ്സുമുണ്ട്.
ലഹരിമരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് സിന്തറ്റിക് ഡ്രഗ്സ് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഘത്തിന്റെ ഭാഗമായാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളും കൈവശം വച്ചതായും പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
രണ്ട് അപ്പാർട്ട്മെന്റുകൾ ലഹരിമരുന്ന് നിർമ്മാണ ലാബുകളായി ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് 750 കിലോഗ്രാമിലധികം ലഹരിമരുന്നുകളും അസംസ്കൃത വസ്തുക്കളും നിർമ്മാണ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. കൂടാതെ ഇവരിൽ നിന്നും ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു.
ലഹരിക്കടത്ത് സംഘത്തിന് സാമ്പത്തിക സഹായം നൽകിയെന്നും സംഘത്തിലെ രണ്ട് പ്രധാന നേതാക്കളെ കാണാൻ വിദേശയാത്ര നടത്തിയെന്നും സാറ ഖലീഫയ്‌ക്കെതിരെ ആരോപണമുണ്ട്. ലഹരിമരുന്ന് കേസിന് പുറമെ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിലും സാറ ഖലീഫ ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസിൽ ഇവർക്ക് അഞ്ച് വർഷം തടവുശിക്ഷയും ലഭിച്ചിട്ടുണ്ട്.
ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഈജിപ്തിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വധശിക്ഷ വിധിക്കുന്ന കേസുകളിൽ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ മതപരമായ അഭിപ്രായം തേടുന്ന നടപടിയും നിയമത്തിന്റെ ഭാഗമാണ്. ഇത് നിർബന്ധിതമല്ലെങ്കിലും അതിന് ശേഷമാണ് കോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നത്.















