കാസർഗോഡ്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ് ലൈൻ അപകടത്തിൽ ഓപ്പറേറ്ററായ യുവാവ് മരിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. ഗ്ലാസ് ബ്രിഡ്ജിൽ സഞ്ചാരികൾക്കായി സർവീസ് നടത്തിയിരുന്ന സിപ് ലൈനാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. സിപ് ലൈനിൽ സഞ്ചരിക്കാനെത്തിയ യുവതിയെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് യാത്രയാക്കാൻ തയ്യാറെടുക്കുകയായിരുന്നു സനൂപ്. സിപ് ലൈൻ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് മുന്നോട്ട് നീങ്ങിയ നിമിഷത്തിൽ ഭയന്ന യുവതി അബദ്ധത്തിൽ സനൂപിന്റെ കൈയിൽ ശക്തമായി പിടിക്കുകയായിരുന്നു. ഇതോടെ യുവതിക്കൊപ്പം സനൂപും സിപ് ലൈനിൽ തൂങ്ങി വായുവിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു.
ഭയന്നുവിറച്ച യുവതിയെയും വായുവിൽ തൂങ്ങിക്കിടക്കുന്ന സനൂപിനെയും കണ്ട് താഴെയുണ്ടായിരുന്നവർ നിലവിളിച്ചെങ്കിലും ഉടൻ രക്ഷപ്പെടുത്താനുള്ള മാർഗമുണ്ടായിരുന്നില്ല. സ്വന്തം ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടും സനൂപ് പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിച്ചു.
ഏകദേശം 300 മീറ്ററോളം ദൂരം യുവതിക്കൊപ്പം സിപ് ലൈൻ കേബിളിൽ തൂങ്ങിക്കിടന്നാണ് സനൂപ് ലാൻഡിംഗ് പോയിന്റിന് സമീപം വരെ എത്തിയത്. എന്നാൽ ലാൻഡിംഗ് പോയിന്റിലെത്താൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ കൈകളുടെ ശക്തി ക്ഷയിച്ചതോടെ സനൂപിന്റെ പിടിവിടുകയായിരുന്നു. തുടർന്ന് താഴെയുള്ള കൂറ്റൻ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സനൂപ് റാണിപുരത്ത് സിപ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് വെറും രണ്ടാം ദിവസം തന്നെയാണ് ദാരുണ അപകടമുണ്ടായത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.















