കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം തള്ളിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് എസ്വൈഎസ് സംസ്ഥാന പ്രസിഡന്റും കാന്തപുരത്തിന്റെ മകനുമായ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി. ‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശം’ എന്ന് പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യൻ മൗദൂദിയാണെന്ന് അബ്ദുൽ ഹക്കിം അസ്ഹരി പറഞ്ഞു.
ഇതുസംബന്ധിച്ച അച്ചടിച്ച പുസ്തകം തന്റെ കൈവശമുണ്ടെന്നും കോഴിക്കോട് നിന്ന് അച്ചടിച്ച പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ലെന്നും അസ്ഹരി പരിഹസിച്ചു.
മൗദൂദിയുടെ ഖുർആൻ ദുർവ്യാഖ്യാനമാണ് നിലവിലെ പ്രശ്നമെന്നും അസ്ഹരി ആരോപിച്ചു. സ്ത്രീകൾ പുറത്തിറങ്ങുന്നതിനെ മൗദൂദി വിലക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സ്ത്രീകൾക്ക് വേണ്ടിയെന്ന നിലയിൽ ജമാഅത്തെ ഇസ്ലാമി വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നതെങ്കിൽ ആദ്യം മൗദൂദിയുടെ നിലപാടുകളെ തള്ളിപ്പറയാൻ ജമാഅത്തെ ഇസ്ലാമി തയ്യാറാകണമെന്നും എ.പി. അബ്ദുൽ ഹക്കിം അസ്ഹരി ആവശ്യപ്പെട്ടു.















